Sunday, June 21, 2015

വലുതാവല്‍

ആപ്പിള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവൂന്‍ മാങ്ങ വേണം. ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ..  

കുറച്ച് കഴിഞ്ഞ്  നോക്കിയപ്പോള്‍ ദേവു ആപ്പിള്‍ രണ്ട് പീസ് കഴിക്കുന്നു.  

ഒന്നു പ്രോല്‍സാഹിപ്പിക്കാനായി ഞാന്‍ അടുത്ത് ചെന്നു.

"ആപ്പിള്‍ കഴിച്ചാല്‍ നല്ല സ്ട്രൊണ്ട് ആവും.. വേഗം കഴിച്ചോ.."

"അച്ഛനെപ്പോലെയോ?"

"അതെ"

"അച്ഛനെപ്പോലെ വലുതാവോ.. സ്ട്രോങ്ങ് ആവോ??"

"ങാ.. അതെ"

ഉടനെ മുഖത്ത് ഒരു ഇഷ്ടക്കേട് ഭാവം വന്നു.

"വേണ്ട.. എനിച്ച് അങ്ങനെ ആവണ്ടാ.. എനിച്ച് ഇഷ്ടല്ലാ"



(ഉദ്ദേശം മനസ്സിലായില്ല.  ഈ ബോഡിക്കാണ്‍ സ്ടോങ്ങ് എന്ന് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വേണ്ട എന്നാണോ. വലുതാവാനേ  താല്‍പര്യം ഇല്ല എന്നാണോ.. എന്തായാലും ക്ലിയറ് ചെയ്യാന്‍ പോയില്ല)



Monday, June 8, 2015

സംശയം

ദേഷ്യം വരുമ്പോള്‍ ഡോഗിന്‍റെ പച്ചമലയാളം വിളിക്കുന്ന സ്വഭാവം ദേവൂനും ഉണ്ട്.

പലപ്പോഴായി ഉപദേശങ്ങളും ഭീഷണികളുമൊക്കെ ആയതിനാല്‍ ഇടയ്ക്ക് ദേവു ഒന്ന് നന്നാവാന്‍ ശ്രമിക്കും.
ആ നന്നാവലിന്‍റെ ഭാഗമായി ഇന്നലെ സ്നേഹത്തോടെ വന്ന് ദേവു അമ്മയോട് ചോദിക്കുന്നു. “അമ്മേ.. നായാന്ന് വിളിക്കാന്‍ പാടില്ലാല്ലേ..?”

പട്ടി എന്നതിനെ ഭേദപ്പെടുത്തി നായ എന്ന് ആക്കിയതിന്‍റെ കൌതുകത്തില്‍ ഇതാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്ന് തോന്നിയെങ്കിലും ദേവൂന്‍റെ അമ്മ പാടില്ല എന്ന് സപ്പോര്‍ട്ട് ചെയ്തു.

ഉടനെ അടുത്ത ചോദ്യം “പപ്പിക്കുട്ടീന്ന് വിളിക്കാമോ?”

ആ വിളിയേയും നിരുല്‍സാഹപ്പെടുത്തി വിട്ട ദേവുവിനെ മിന്നുച്ചേച്ചി
പപ്പിയുടെ അര്‍ത്ഥം പഠിപ്പിക്കുന്നുണ്ടായിരുന്നു.



Sunday, June 7, 2015

കണ്ടീഷന്‍

കമ്പ്യൂട്ടറില്‍ പെയിന്‍റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേവുവിനോട് ഞാന്‍ പരിപാടി മതിയാക്കാന്‍ ആവശ്യപ്പെട്ടു.

ദേവുവിന്‍റെ വക ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല വന്നു.

"ടെന്‍ ആകുന്ന വരെ ഞാന്‍ കളിക്കാം.  പക്ഷേ, അച്ഛന്‍ എണ്ണാന്‍ പാടില്ല."

സംഗതി മനസ്സിലാവാതെ ഞാന്‍ ഒന്നുകൂടി കാര്യം തിരക്കി.

"ഞാന്‍ ടെന്‍ ആകുമ്പോ നിര്‍ത്താം.. പക്ഷേ.. എണ്ണാന്‍ പാടില്ല"



കണ്ടീഷനായാല്‍ ഇങ്ങനെ വേണം

Wednesday, June 3, 2015

കൊള്ളാം.. കൊള്ളില്ല

ദേവു ബെഡില്‍ കിടന്ന് ഒരു പഴയ ബെഡ് ഷീറ്റ് എടുത്ത് പുതയ്ക്കാന്‍ ശ്രമിക്കുന്ന കണ്ട് ഞാന്‍ പറഞ്ഞു.. "അയ്യോ ദേവൂ .. അത് കൊള്ളില്ല.." (അത് നല്ലതല്ല എന്നാണ്‍ ഞാന്‍ ഉദ്ദേശിച്ചത്)


ആ ബെഡ് ഷീറ്റ് ഭംഗിയായി പുതച്ചുകൊണ്ട് ദേവു പറഞ്ഞു.. "കണ്ടോ… ഇത് കൊള്ളും"