Thursday, July 24, 2014

ഫാനിന്റെ കഴിവ്‌


നെയില്‍ പോളിഷ്‌ ഇട്ട്‌ കഴിഞ്ഞാല്‍ അത്‌ ഉണങ്ങാനായി ഫാനിന്റെ താഴെ ഇരിക്കുന്ന സംഗതി ദേവൂന്ന് നല്ല നിശ്ചയമുണ്ട്‌.

ദേവൂന്റെ അച്ഛന്‍ (അതായത്‌ ഞാന്‍) കട്ടിലില്‍ കാല്‌ നീട്ടിവെച്ച്‌ ഇരുന്നപ്പോഴാണ്‌ കാലിന്റെ പെരുവിരലിന്റെ നഖം പകുതി പൊട്ടിപ്പോയകാര്യം ദേവൂന്റെ ശ്രദ്ധയില്‍ പതിഞ്ഞത്‌.

"ഇതെന്താ പറ്റീത്‌ അച്ചേ..."  ദേവൂന്റെ ചോദ്യം

"അത്‌ ഫുഡ്ബോള്‍ കളിച്ചപ്പോള്‌ പൊട്ടിപ്പോയതാ ദേവൂ "  ഞാന്‍ മറുപടി പറഞ്ഞു.


ഉടനെ ദേവു ആശ്വസിപ്പിച്ചു...
"ഈ ഫാനിന്റെ അടിയില്‍ ഇരുന്നാമതീ ട്ടൊ... ഉണങ്ങിക്കോളും"



Thursday, July 10, 2014

മുന്നറിയിപ്പ്‌


ബാല്‍ക്കണി വഴിയും ജനാല വഴിയും ഓരോരോ സാധനങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയപ്പോള്‍, ആ വഴികള്‍ പരമാവധി അടച്ചിടുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കാണാതായ ഏത്‌ സാധനം ചോദിച്ചാലും ദേവു ഒരു മടിയും കൂടാതെ പറയും 'ഞാന്‍ ജനലിലൂടെ പുറത്തേക്കിട്ടു' .
വീടിന്നുള്ളില്‍ ഉള്ളതും ശരിക്കും പുറത്തേക്കിട്ടതും എല്ലാം ദേവൂന്ന് ഒരുപോലെയാണ്‌.

പല ഭീഷണികള്‍ കഴിഞ്ഞിട്ടും ഈ ഉത്തരവാദിത്വം എടുക്കല്‍ ദേവു നിര്‍ഭയം തുടര്‍ന്നു.

ഒരു ദിവസം കളിപ്പാട്ടങ്ങള്‍ വാരിക്കൂട്ടുന്നതിനിടയില്‍ ഓടിപ്പോയി ബാല്‍ക്കണിയുടെ വാതില്‍ അടച്ചിട്ട്‌ ഒരു ഡയലോഗ്‌ "ഇല്ലെങ്കില്‍ ദേവു പുറത്തേക്കെറിയും".

പറഞ്ഞത്‌ ദേവു തന്നെയാണ്‌.

സഹതാപം തോന്നാതിരിക്കുമോ... ദേവൂന്ന് ഇഷ്ടമുണ്ടായിട്ട്‌ ഇടുന്നതല്ലാ.. നമ്മള്‍ വാതിലും ജനാലയും തുറന്നിട്ട്‌ ആ പാവത്തിനെ പ്രേരിപ്പിക്കുന്നതുകൊണ്ടാണ്‌.
കുറ്റം ഞങ്ങള്‍ ഏറ്റു.

Wednesday, July 2, 2014

ആന കടിച്ചു

രാവിലെ ഉറക്കമുണര്‍ന്ന ദേവു കിടക്കയില്‍ ഇരുന്ന് കരയുന്നു.
എന്ത്‌ പറ്റിയെന്ന് ആകാംഷയില്‍ ഓടിച്ചെന്ന ഞങ്ങളോട്‌ ജനാലയിലേയ്ക്ക്‌ ചൂണ്ടിക്കൊണ്ട്‌ കാര്യം പറഞ്ഞു. "ആന കടിച്ചൂ...."


ഫ്ലാറ്റിന്റെ ഏഴാമത്തെ നിലയില്‍ ജനാലവഴി വന്ന് ആന കടിക്കുന്നത്‌ അത്ര ചെറിയ കാര്യമല്ല.


ചിങ്കപ്പുലി


ദേവുവിന്റെ ഏറ്റവും ഭീകരമായ ജീവി... ചിങ്കപ്പുലി...

ഇടയ്ക്കിടയ്ക്ക്‌ ഈ ജീവിയെ വിളിച്ച്‌ ക്വൊട്ടേഷന്‍ കൊടുക്കുന്നത്‌ കേള്‍ക്കാം.  സൂക്ഷിച്ചാല്‍ നമുക്ക്‌ കൊള്ളാം.