Tuesday, March 28, 2017

ശരിയും തെറ്റും


കളിക്കുടുക്കയില്‍ ചിത്രങ്ങള്‍ നോക്കി അതില്‍ ശരിയായ കാര്യം ഏത്, തെറ്റായ പ്രവര്‍ത്തി ഏത് എന്ന് കണ്ടെത്തുന്ന പേജ്.

ഒരു കൊച്ചുകുട്ടി പൂവിട്ട് നില്‍ക്കുന്ന ഒരു ചെടിയ്ക്ക് വെള്ളമൊഴിക്കുന്ന ചിത്രം കാണിച്ച് ദേവുവിന്‍റെ ചോദ്യം.

"ഇത് എന്താ അച്ഛാ?"

"അത് ശരിയാണ്". 

ദേവുവിന്‍റെ കണക്കുകൂട്ടലില്‍ അത് തെറ്റാണെന്നായിരുന്നു എന്ന് എനിക്ക് മുഖഭാവത്തില്‍ നിന്ന് വ്യക്തമായി.  ആ തോന്നല്‍ വ്യക്തമാക്കുന്ന രീതിയില്‍ തുടര്‍ന്നുള്ള സംസാരം.

"അത് ശരിയല്ല..." 

"അതെന്താ ദേവൂ.. ചെടിക്ക് വെള്ളം ഒഴിക്കുന്നതല്ലേ.."

"അതേയ്.. ചെടിയ്ക്ക് ചൂടുവെള്ളം ആണ് ഒഴിക്കുന്നത്."

"ഏയ്.. അത് ചൂടുവെള്ളമൊന്നുമല്ല..." ഞാന്‍ സമ്മതിച്ചില്ല

ആ ന്യായം അധികം നിലനില്‍ക്കില്ലെന്ന് കണ്ട് ഉടനെ ദേവുവിന്‍റെ അടുത്ത ന്യായം

"ചെടിയ്ക്ക് നിറയെ വെള്ളം ഒഴിക്കുന്നതാ..."

കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ ഞാന്‍ പറഞ്ഞ് സെറ്റില്‍ ചെയ്തു.  
ദേവൂന്‍റെ അമ്മ കേട്ടാല്‍ വേറേം പ്രശ്നം ഉണ്ട്.  'ആടിന്‍റെ ഡോഗ് ആക്കുകേം വാദിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകേം ചെയ്യുന്ന അച്ഛന്‍റെ നാവ് ബലം മോള്‍ക്ക് കിട്ടതിരിക്ക്യോ?' എന്ന ചോദ്യം കേള്‍ക്കേണ്ടല്ലോ.

പഠനം


ആംഗലേയ ഭാഷ എഴുതിപ്പഠിക്കുന്നതിന്‍റെ ഭാഗമായി അമ്മയും ദേവുവുമായുള്ള ഒരു കസര്‍ത്ത്

A, B കഴിഞ്ഞ് ദേവു D എഴുതിപ്പോയി.
പഠിപ്പിക്കുന്നവര്‍ക്കല്ലേ വേദന അറിയൂ.. ദേവൂന്‍റെ അമ്മയ്ക്ക് ദേഷ്യം വന്നു.  
അല്‍പം ശബ്ദം ഉയര്‍ത്തി

"B കഴിഞ്ഞാല്‍ D ആണോ ദേവൂ.."

ഉടനെ ദേവു റബ്ബര്‍ കയ്യില്‍ എടുത്തുകൊണ്ടുള്ള മറുപടി

"അതിന് ഒച്ച വെക്കുന്നതെന്തിനാ... മാച്ചാല്‍ പോരേ?"

ശരിയാണല്ലോഎന്ന തോന്നലില്‍ ദേഷ്യം ഒന്നടങ്ങിയ അമ്മ ദേവൂനോട് ഒരു ഉപദേശം..

"ഇതൊക്കെ ആലോചിച്ച് എഴുതണ്ടേ?"

ദേവുവിന്‍ അതിനുമുണ്ട് ന്യായം .. 

"അതേയ് അമ്മേ... ഞാന്‍ ആലോചിക്കാന്‍ മറന്നുപോയി."


കൂടുതല്‍ ചര്‍ച്ചയ്ക്ക് സ്കോപ്പ് ഇല്ലാത്തതിനാല്‍ അമ്മ നിശബ്ദയായി.