Monday, December 8, 2014

ചെറുതാകുമ്പോള്‍



ദേവൂന് ഇരിക്കാന്‍ പാകത്തിന്‍ ഒരു ചെറിയ കസേരയുണ്ട്.  

അതില്‍ കയറി ഇരുന്നിട്ട് ദേവു എന്നോട്

"അച്ഛന്‍ നാളെ ചെറുതാകുമ്പോളില്ലേ.. അപ്പോ ഈ കസേരേല്‍ ഇരിക്കാട്ടോ…"

ആദ്യമൊന്ന് മനസ്സിലാവാത്ത പോലെ നിന്ന എന്നോട് വീണ്ടും അതേ കാര്യം ദേവു ആവര്‍ത്തിച്ചു.  അതും എന്നെ സമാധാനിപ്പിക്കുന്ന ഭാവത്തില്‍.


ഞാന്‍ അതങ്ങ് സമ്മതിക്കേം ചെയ്തു.

Wednesday, December 3, 2014

വെറുതേ

'വെറുതേ' എന്ന വാക്ക് ദേവു വളരെ കൂടുതലായി ഉപയോഗിച്ചുവരുന്നു.  
പക്ഷേ, ഈ വാക്കിന്‍റെ അര്‍ത്ഥത്തില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം.

ദേവുവിന്‍റെ ചില പ്രവര്‍ത്തികള്‍
  1.  നടന്ന് പോകുമ്പോള്‍ ടേബിളില്‍ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളോ ടോയ്സോ അങ്ങനെ   എന്തെങ്കിലും കണ്ടാല്‍,  അതെല്ലാം ഒന്ന് താഴെ വലിച്ചിട്ട് അലങ്കോലമാക്കി വലിയ സംതൃപ്തിയോടെ   പോകുന്ന കാണാം
  2.  എന്തെങ്കിലും ഒരു സാധനം കയ്യില്‍ പിടിച്ചോണ്ട് ജനാലയുടേയോ ബാല്‍ക്കണിയുടേയോ ഭാഗത്തേയ്ക്ക് പോയാല്‍ ആ സാധനം പിന്നെ കിട്ടില്ലെന്ന് ഉറപ്പിക്കാം


ഇത്തരം പ്രവര്‍ത്തികള്‍ കണ്ടാല്‍ സ്വാഭാവികമായും ചെറിയൊരു രോഷം തോന്നുകയും അത് നമ്മള്‍ ചോദ്യം ചെയ്യുകയും പതിവാണല്ലോ.  പക്ഷേ, ഈ ചോദ്യം ചെയ്യലിന്‍ ലഭിക്കുന്ന ഉത്തരം വളരെ സ്റ്റ്രോങ്ങ് ആണ്‍. 

"ഞാന്‍ വെറുതേ ചെയ്തതല്ലേ"

ഇതാണ്‍ ഉത്തരം.  

വീണ്ടും ചോദിച്ചാല്‍ ഇതേ ഉത്തരം കുറച്ചുകൂടി ആധികാരിമഭാവത്തിലും വാദി പ്രതിയാകുന്ന പരുവത്തിലുമാകും. 


ഇനിയും ചോദിച്ചാല്‍ ആള്‍ കരയും.  അത്രയേ ഉള്ളൂ.  

Thursday, October 16, 2014

തിരിച്ചറിവ്‌


ഫ്ലാറ്റിലെ ഹാളില്‍ ഇരുന്നുകൊണ്ട്‌ ദേവു അടുത്ത റൂമില്‍ ഇരിക്കുന്ന എന്നെ നീട്ടി വിളിച്ചു.. "അച്ഛേ.."

ഹാളില്‍ ടി.വി. കണ്ടുകൊണ്ടിരുന്ന ദേവൂന്റെ അമ്മ കാര്യം എന്താണെന്നറിയാന്‍ ശ്രമിച്ചു.. "എന്താ ദേവൂ"

ദേവുവിന്റെ ഉത്തരം കുറച്ച്‌ കടുത്തുപോയി

"നിന്നെയല്ല വിളിച്ചേ.. അച്ഛനെയാ വിളിച്ചേ... നീ അമ്മയല്ലേ"

ഇതും പറഞ്ഞോണ്ട്‌ ദേവു ഞാനിരിക്കുന്ന റൂമിലേയ്ക്ക്‌ നടന്നു.

താന്‍ ആരാണെന്ന് മനസ്സിലായ അമ്മ അന്തം വിട്ട്‌ നോക്കി ഇരുന്നു.

Wednesday, October 1, 2014

അനുകരണം



 കൈ നിറയെ വള ഇടിച്ചുകയറ്റുക എന്നത്‌ ദേവുവിന്റെ സ്ഥിരം പരിപാടിയാണ്‌.

ഒരു ദിവസം പുറത്തേയ്ക്ക്‌ പോകാനായി എല്ലാവരും തയ്യാറെടുത്ത്‌ നില്‍ക്കുമ്പോളാണ്‌ ദേവുവിന്റെ അമ്മ ദേവുവിന്റെ കയ്യിലേയ്ക്ക്‌ ശ്രദ്ധിച്ചത്‌. രണ്ട്‌ കയ്യും പലതരം വളകള്‍ കൊണ്ട്‌ നിറച്ചുവെച്ചിരിക്കുന്നു. അതില്‍ തന്നെ പല കളറുകളും എല്ലാം ഉണ്ട്‌.

"ദേവൂസേ... മാച്ചിങ്ങ്‌ ആയിട്ടുള്ള കുറച്ച്‌ വളകള്‍ ഇട്ടാല്‍ മതി" അമ്മയുടെ ഉപദേശം.

"വേണ്ട... ബാംഗ്ലൂര്‍ ഡെയ്സിലെ ആന്റി ഇങ്ങനെ ഇടുന്നുണ്ടല്ലോ" കുറച്ച്‌ ദേഷ്യത്തോടെയുള്ള ദേവുവിന്റെ പ്രതികരണം.

(കുറച്ച്‌ ദിവസമായി ബാംഗ്ലൂര്‍ ഡെയ്സ്‌ എന്ന സിനിമയുടെ സിഡി വീട്ടില്‍ ദേവുവിനുവേണ്ടി സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്നതിന്റെ ഇമ്പാക്റ്റ്‌)

ആവശ്യം


പ്‌ ളേ സ്കൂളില്‍ നിന്ന് വരുന്ന വഴി ഒരു കടയില്‍ നിന്ന് ഒന്ന് രണ്ട്‌ സാധനങ്ങള്‍ വാങ്ങാന്‍ കാറ്‌ നിര്‍ത്തി.
ദേവുവിനോട്‌ 'അവിടെത്തന്നെ ഇരുന്നോളൂ, ഇപ്പോ വരാം' എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്കാരത്തി സമ്മതിക്കുന്നില്ല.

"അച്ഛാ.. എന്നെ എടുക്ക്‌... എനിക്ക്‌ എന്തൊക്കെയോ വാങ്ങാനുണ്ട്‌."


(കടയിലെ ആന്റി ഇതുകേട്ട്‌ നല്ല ചിരി.
പിന്നെ, പതിവുപോലെ ഡയറിമില്‍ക്കിന്റെ ബോക്സിലേയ്ക്ക്‌ ചൂണ്ടിക്കാട്ടി എന്തൊക്കെയോ വാങ്ങിയാണ്‌ അവിടെ നിന്ന് പോയത്‌)

Wednesday, September 3, 2014

ന്യായം

ത്രിക്കാക്കര അമ്പലത്തിലെ ഉത്സവപ്പറമ്പില്‍ നിന്ന് രണ്ട്‌ കൈ നിറയെ വള തള്ളിക്കയറ്റിയിട്ടേ ദേവൂസിന്‌ സമാധാനമായുള്ളൂ.

അതിനുശേഷം വീട്ടില്‍ വന്നാലും പുറത്ത്‌ പോയാലും ഈ വള കുറേ ഊരി നോക്കും, വീണ്ടും ഇടും. ഇത്‌ തന്നെ പ്രക്രിയ.

 ഇങ്ങനെ ഇടയ്ക്കിടെ ഊരുകയും ഇടുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വള കൈയ്യില്‍ കയറാന്‍ എന്തോ ഒരു ബുദ്ധിമുട്ട്‌ കണ്ട്‌ ദേവൂന്ന് ദേഷ്യം.
ഇത്‌ നോക്കിക്കൊണ്ട്‌ നിന്ന ക്ഷമകെട്ട്‌ ഞാന്‍ ചോദിച്ചു. "ഇങ്ങനെ എപ്പോഴും എന്തിനാ വള ഊരുന്നേ ദേവൂസേ?"

"അതിന്‌ ഞാന്‍ വള ഇടുന്നതല്ലേ... ഊരല്ലല്ലോ..." ദേവൂണ്റ്റെ ദേഷ്യത്തോടെയുള്ള മറുപടി.

ഞാന്‍ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല. കുറച്ച്‌ ന്യായം അവിടെയും ഉണ്ടല്ലോ. 

Thursday, July 24, 2014

ഫാനിന്റെ കഴിവ്‌


നെയില്‍ പോളിഷ്‌ ഇട്ട്‌ കഴിഞ്ഞാല്‍ അത്‌ ഉണങ്ങാനായി ഫാനിന്റെ താഴെ ഇരിക്കുന്ന സംഗതി ദേവൂന്ന് നല്ല നിശ്ചയമുണ്ട്‌.

ദേവൂന്റെ അച്ഛന്‍ (അതായത്‌ ഞാന്‍) കട്ടിലില്‍ കാല്‌ നീട്ടിവെച്ച്‌ ഇരുന്നപ്പോഴാണ്‌ കാലിന്റെ പെരുവിരലിന്റെ നഖം പകുതി പൊട്ടിപ്പോയകാര്യം ദേവൂന്റെ ശ്രദ്ധയില്‍ പതിഞ്ഞത്‌.

"ഇതെന്താ പറ്റീത്‌ അച്ചേ..."  ദേവൂന്റെ ചോദ്യം

"അത്‌ ഫുഡ്ബോള്‍ കളിച്ചപ്പോള്‌ പൊട്ടിപ്പോയതാ ദേവൂ "  ഞാന്‍ മറുപടി പറഞ്ഞു.


ഉടനെ ദേവു ആശ്വസിപ്പിച്ചു...
"ഈ ഫാനിന്റെ അടിയില്‍ ഇരുന്നാമതീ ട്ടൊ... ഉണങ്ങിക്കോളും"



Thursday, July 10, 2014

മുന്നറിയിപ്പ്‌


ബാല്‍ക്കണി വഴിയും ജനാല വഴിയും ഓരോരോ സാധനങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയപ്പോള്‍, ആ വഴികള്‍ പരമാവധി അടച്ചിടുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. കാണാതായ ഏത്‌ സാധനം ചോദിച്ചാലും ദേവു ഒരു മടിയും കൂടാതെ പറയും 'ഞാന്‍ ജനലിലൂടെ പുറത്തേക്കിട്ടു' .
വീടിന്നുള്ളില്‍ ഉള്ളതും ശരിക്കും പുറത്തേക്കിട്ടതും എല്ലാം ദേവൂന്ന് ഒരുപോലെയാണ്‌.

പല ഭീഷണികള്‍ കഴിഞ്ഞിട്ടും ഈ ഉത്തരവാദിത്വം എടുക്കല്‍ ദേവു നിര്‍ഭയം തുടര്‍ന്നു.

ഒരു ദിവസം കളിപ്പാട്ടങ്ങള്‍ വാരിക്കൂട്ടുന്നതിനിടയില്‍ ഓടിപ്പോയി ബാല്‍ക്കണിയുടെ വാതില്‍ അടച്ചിട്ട്‌ ഒരു ഡയലോഗ്‌ "ഇല്ലെങ്കില്‍ ദേവു പുറത്തേക്കെറിയും".

പറഞ്ഞത്‌ ദേവു തന്നെയാണ്‌.

സഹതാപം തോന്നാതിരിക്കുമോ... ദേവൂന്ന് ഇഷ്ടമുണ്ടായിട്ട്‌ ഇടുന്നതല്ലാ.. നമ്മള്‍ വാതിലും ജനാലയും തുറന്നിട്ട്‌ ആ പാവത്തിനെ പ്രേരിപ്പിക്കുന്നതുകൊണ്ടാണ്‌.
കുറ്റം ഞങ്ങള്‍ ഏറ്റു.

Wednesday, July 2, 2014

ആന കടിച്ചു

രാവിലെ ഉറക്കമുണര്‍ന്ന ദേവു കിടക്കയില്‍ ഇരുന്ന് കരയുന്നു.
എന്ത്‌ പറ്റിയെന്ന് ആകാംഷയില്‍ ഓടിച്ചെന്ന ഞങ്ങളോട്‌ ജനാലയിലേയ്ക്ക്‌ ചൂണ്ടിക്കൊണ്ട്‌ കാര്യം പറഞ്ഞു. "ആന കടിച്ചൂ...."


ഫ്ലാറ്റിന്റെ ഏഴാമത്തെ നിലയില്‍ ജനാലവഴി വന്ന് ആന കടിക്കുന്നത്‌ അത്ര ചെറിയ കാര്യമല്ല.


ചിങ്കപ്പുലി


ദേവുവിന്റെ ഏറ്റവും ഭീകരമായ ജീവി... ചിങ്കപ്പുലി...

ഇടയ്ക്കിടയ്ക്ക്‌ ഈ ജീവിയെ വിളിച്ച്‌ ക്വൊട്ടേഷന്‍ കൊടുക്കുന്നത്‌ കേള്‍ക്കാം.  സൂക്ഷിച്ചാല്‍ നമുക്ക്‌ കൊള്ളാം.