Sunday, December 6, 2015

ചന്തമില്ലാത്ത ഡ്രസ്സ്


ദേവൂട്ടിയുടെ മുത്തച്ഛന് ഒരു ചെക്കപ്പിന്‍ ആശുപത്രിയില്‍ കൊണ്ടുപോയത് ഞങ്ങള്‍ കുടുംബസമേതമണ്.  അങ്ങനെ ടോക്കണെടുത്ത് കാത്തിരിക്കുമ്പോള്‍ ഒരു പള്ളീലച്ഛന്‍ അവിടെ നില്‍ക്കുന്ന കണ്ടിട്ട് ദേവൂട്ടിക്ക് ചിരി അടക്കാനാകുന്നില്ല.

"അമ്മൂമ്മേ.. ദേ നോക്ക്യേ… ഡ്രസ്സ് കണ്ടോ…"

ആളുകള്‍ ശ്രദ്ധിക്കുന്ന കാരണം ദേവൂട്ടിയെ ഒന്ന് നിയന്ത്രിക്കാന്‍ അമ്മൂമ്മ ശ്രമിക്കുമ്പോഴേയ്ക്കും വീണ്ടും ദേവൂട്ടി ഉച്ചത്തില്‍

"ഒരു ചന്തോം ഇല്ലാത്ത ഡ്രസ്സ് ല്ലേ…."

ഇത്തവണ നാട്ടുകാര്‍ മൊത്തം കേള്‍ക്കുകയും ചിരി പൊട്ടുകയും ചെയ്തു.

ഡയറി മില്‍ക്ക്


ഡയറി മില്‍ക്ക് ആണ്‍ കുറേ കാലമായിട്ട് ദേവൂട്ടിയുടെ പ്രധാന വീക്ക് നസ്.
അതുകൊണ്ട് തന്നെ അതില്‍ നിന്ന് ഒരു പീസ് കിട്ടുക എന്ന് പറഞ്ഞാല്‍ അത്ഭുതകരമായ സംഗതിയാണ്‍.
വലത്തേ കയ്യില്‍ ഒരു പീസ് പിടിച്ച് അത് കടിച്ച് തിന്നുകൊണ്ട് ദേവൂട്ടി കവറോടുകൂടിയുള്ള ഡയറിമില്‍ക്കിന്‍റെ ബാക്കി ഭാഗം അമ്മയുടെ നേരെ നീട്ടി…

ചെറിയൊരു ആര്‍ത്തിയും അതിലേറെ അഭിമാനവും (മോള്‍ക്ക് തന്നോട് അത്രയ്ക്ക് ഇഷ്ടമാണല്ലോ എന്ന അഭിമാനം) തിളച്ച് കയറിയ ദേവൂട്ടിയുടെ അമ്മ അത് 
സ്നേഹപൂര്‍ വ്വം നിരസിച്ചു.

ഉടനെ ദേവൂട്ടിയുടെ പ്രതികരണം..

"കവറ് പിടിക്ക്…"


അപ്പോഴാണ്‍ എന്താണ്‍ ദേവു നീട്ടിയതെന്ന് വ്യക്തമായത്.  

ഇടത്തേ കയ്യിലെ വിരലിന്നിടയില്‍ പിടിച്ചിരിക്കുന്ന ഡയറി മില്‍ക്കിന്‍റെ കവറ് വാങ്ങാനാണ്‍ അദ്ദേഹം ഉദ്ദേശിച്ചത്. ഡയറിമില്‍ക്കിന്‍റെ പീസ് കയ്യിന്‍റെയുള്ളില്‍ ഭദ്രമായി മുറുക്കി പിടിച്ചിട്ടുമുണ്ട്.

Thursday, October 29, 2015

നാളെ


കുറേ നാളായിട്ട് ദേവുവും മിന്നുവും നോട്ടമിട്ടു വെച്ചിരിക്കുന്ന ഒരു ഭംഗിയുള്ള ചെറിയ തലയിണ വാങ്ങിക്കാന്‍ ഇടയായി.  ആ സാഹചര്യത്തില്‍ ഒരെണ്ണമേ വാങ്ങാന്‍ കഴിഞ്ഞുള്ളൂ. ഒരെണ്ണം മതി, ഞങ്ങള്‍ ഷെയറ് ചെയ്തോളാം എന്ന് രണ്ട് ക്ടാങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.
“ഇത് ഇന്ന് ഞാന്‍ എടുക്കാം.. ചേച്ചി നാളെ എടുത്തോ, അത് കഴിഞ്ഞ് ഞാന്‍”  ദേവു നിര്‍ദ്ദേശം വെച്ചു.
അന്ന് അങ്ങനെ ദേവു ആ തലയിണയുമായി ഒട്ടിച്ചേര്‍ന്ന് ജീവിച്ചു.

പിറ്റേന്ന്...

മിന്നു വന്ന് തലയിണ എടുത്തു.  “ഇന്ന് എനിക്കാണ്‍”

“അയ്യോ അല്ല... ഇന്ന് എനിക്കാണെന്നല്ലേ പറഞ്ഞേ.. നാളെയല്ലേ മിന്നുച്ചേച്ചിക്ക്”  ദേവു ഉടക്കായി.

“ഇന്നലെ ദേവു എടുത്തില്ലേ.. ഇന്ന് എനിക്കാണെന്നല്ലേ പറഞ്ഞേ..”
മിന്നു വീണ്ടും കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമം.

“അല്ല അല്ല... ഇന്ന് എനിക്കാണെന്നാ പറഞ്ഞേ.. മിന്നുച്ചേച്ചിക്ക് നാളെയാന്നാ പറഞ്ഞേ..”


ഇന്നലത്തെ നാളെയാണ്‍ ഇന്നത്തെ ഇന്ന് എന്ന് ഈ കൊച്ചിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്‍.

Sunday, June 21, 2015

വലുതാവല്‍

ആപ്പിള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവൂന്‍ മാങ്ങ വേണം. ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ..  

കുറച്ച് കഴിഞ്ഞ്  നോക്കിയപ്പോള്‍ ദേവു ആപ്പിള്‍ രണ്ട് പീസ് കഴിക്കുന്നു.  

ഒന്നു പ്രോല്‍സാഹിപ്പിക്കാനായി ഞാന്‍ അടുത്ത് ചെന്നു.

"ആപ്പിള്‍ കഴിച്ചാല്‍ നല്ല സ്ട്രൊണ്ട് ആവും.. വേഗം കഴിച്ചോ.."

"അച്ഛനെപ്പോലെയോ?"

"അതെ"

"അച്ഛനെപ്പോലെ വലുതാവോ.. സ്ട്രോങ്ങ് ആവോ??"

"ങാ.. അതെ"

ഉടനെ മുഖത്ത് ഒരു ഇഷ്ടക്കേട് ഭാവം വന്നു.

"വേണ്ട.. എനിച്ച് അങ്ങനെ ആവണ്ടാ.. എനിച്ച് ഇഷ്ടല്ലാ"



(ഉദ്ദേശം മനസ്സിലായില്ല.  ഈ ബോഡിക്കാണ്‍ സ്ടോങ്ങ് എന്ന് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വേണ്ട എന്നാണോ. വലുതാവാനേ  താല്‍പര്യം ഇല്ല എന്നാണോ.. എന്തായാലും ക്ലിയറ് ചെയ്യാന്‍ പോയില്ല)



Monday, June 8, 2015

സംശയം

ദേഷ്യം വരുമ്പോള്‍ ഡോഗിന്‍റെ പച്ചമലയാളം വിളിക്കുന്ന സ്വഭാവം ദേവൂനും ഉണ്ട്.

പലപ്പോഴായി ഉപദേശങ്ങളും ഭീഷണികളുമൊക്കെ ആയതിനാല്‍ ഇടയ്ക്ക് ദേവു ഒന്ന് നന്നാവാന്‍ ശ്രമിക്കും.
ആ നന്നാവലിന്‍റെ ഭാഗമായി ഇന്നലെ സ്നേഹത്തോടെ വന്ന് ദേവു അമ്മയോട് ചോദിക്കുന്നു. “അമ്മേ.. നായാന്ന് വിളിക്കാന്‍ പാടില്ലാല്ലേ..?”

പട്ടി എന്നതിനെ ഭേദപ്പെടുത്തി നായ എന്ന് ആക്കിയതിന്‍റെ കൌതുകത്തില്‍ ഇതാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാമെന്ന് തോന്നിയെങ്കിലും ദേവൂന്‍റെ അമ്മ പാടില്ല എന്ന് സപ്പോര്‍ട്ട് ചെയ്തു.

ഉടനെ അടുത്ത ചോദ്യം “പപ്പിക്കുട്ടീന്ന് വിളിക്കാമോ?”

ആ വിളിയേയും നിരുല്‍സാഹപ്പെടുത്തി വിട്ട ദേവുവിനെ മിന്നുച്ചേച്ചി
പപ്പിയുടെ അര്‍ത്ഥം പഠിപ്പിക്കുന്നുണ്ടായിരുന്നു.



Sunday, June 7, 2015

കണ്ടീഷന്‍

കമ്പ്യൂട്ടറില്‍ പെയിന്‍റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേവുവിനോട് ഞാന്‍ പരിപാടി മതിയാക്കാന്‍ ആവശ്യപ്പെട്ടു.

ദേവുവിന്‍റെ വക ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുല വന്നു.

"ടെന്‍ ആകുന്ന വരെ ഞാന്‍ കളിക്കാം.  പക്ഷേ, അച്ഛന്‍ എണ്ണാന്‍ പാടില്ല."

സംഗതി മനസ്സിലാവാതെ ഞാന്‍ ഒന്നുകൂടി കാര്യം തിരക്കി.

"ഞാന്‍ ടെന്‍ ആകുമ്പോ നിര്‍ത്താം.. പക്ഷേ.. എണ്ണാന്‍ പാടില്ല"



കണ്ടീഷനായാല്‍ ഇങ്ങനെ വേണം

Wednesday, June 3, 2015

കൊള്ളാം.. കൊള്ളില്ല

ദേവു ബെഡില്‍ കിടന്ന് ഒരു പഴയ ബെഡ് ഷീറ്റ് എടുത്ത് പുതയ്ക്കാന്‍ ശ്രമിക്കുന്ന കണ്ട് ഞാന്‍ പറഞ്ഞു.. "അയ്യോ ദേവൂ .. അത് കൊള്ളില്ല.." (അത് നല്ലതല്ല എന്നാണ്‍ ഞാന്‍ ഉദ്ദേശിച്ചത്)


ആ ബെഡ് ഷീറ്റ് ഭംഗിയായി പുതച്ചുകൊണ്ട് ദേവു പറഞ്ഞു.. "കണ്ടോ… ഇത് കൊള്ളും"

Friday, May 22, 2015

മിസ്സ്ഡ് കോള്‍

വീട്ടില്‍ ഏല്‍പിച്ചിരിക്കുന്ന മൊബൈലില്‍ നിന്ന് മിന്നുവും ദേവുവും അമ്മയേയും അച്ഛനേയും ഇടയ്ക്കിടെ വിളിച്ചോണ്ടിരിക്കും. പ്രത്യേകിച്ച് കാര്യമുണ്ടായിട്ടൊന്നുമല്ല.

ദേവു മൊബൈലില്‍ നമ്പര്‍ എടുത്തിട്ട് മിന്നുവിനോട് ചോദിക്കുമത്രേ.. ഇത് അച്ഛന്‍റെ നമ്പറ് അല്ലേ, അമ്മയുടെ നമ്പറ് അല്ലേ എന്നൊക്കെ.

എന്നെ വിളിച്ച് വിശേഷം ചോദിച്ചിട്ട് ദേവു ഫോണ്‍ കട്ട് ചെയ്തു.  ഉടനെ വീണ്ടും വിളിച്ചിട്ട് ദേവു പറഞ്ഞു 
അച്ഛാ.. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു എന്ന് പറയാന്‍ വിളിച്ചതാ

എനിക്ക് സന്തോഷമായി.

എപ്പോഴും വിളിച്ച് മൊബൈലിലെ കാശ് കളയണ്ട എന്നും മിസ്സ്ഡ് കോള്‍ ചെയ്താല്‍ മതിയെന്നും ഞാന്‍ മിന്നുവിനോട് പറഞ്ഞിരുന്നു.

കുറച്ച് കഴിഞ്ഞ് വീണ്ടും ദേവു വിളിക്കുന്നു.

“അച്ഛാ.. അതേയ്.. ഈ മിസ്സ്ഡ് കോള്‍ ചെയുന്നതെങ്ങനെയാന്ന് എനിക്കറിയില്ല.  അതോണ്ടാ വിളിക്കുന്നത്.”


Wednesday, April 1, 2015

അച്ഛണ്റ്റെ സീരിയല്‍

 ടി.വി. യില്‍ മുഴുവന്‍ സ്ത്രീപീഠനസീരിയലുകള്‍ ആയതിനാല്‍ ഇടയ്ക്കൊക്കെ ഭാര്യ ആ ചാനലില്‍ കണ്ണ്‍ ഉടക്കി നില്‍ക്കുമ്പോള്‍ ഞാന്‍ പൊട്ടിത്തെറിക്കാറുണ്ട്‌.

പൊതുവേ മിന്നുവും ദേവുവും കാര്‍ട്ടൂണ്‍ ചാനലുകള്‍ കയ്യേറുന്നതിനാല്‍ ന്യൂസ്‌ ചാനല്‍ എനിക്ക്‌ വളരെ കുറച്ചേ കാണേണ്ടി വരാറുള്ളൂ.

ദേവു ഒരു ന്യൂസ്‌ ചാനല്‍ വെച്ചുകൊണ്ട്‌ എന്നോട്‌ വിളിച്ചു പറഞ്ഞു..

"അച്ഛാ.. ദേ അച്ഛണ്റ്റെ സീരിയല്‍" 

കറുത്ത പൂച്ച

ഒരു കറുത്ത പൂച്ച പോകുന്ന കണ്ട്‌ ദേവൂണ്റ്റെ കമണ്റ്റ്‌..

"അമ്മേ.. ഒരു കുളിക്കാത്ത പൂച്ച പോണൂ... കുളിക്കാത്തോണ്ടാ അത്‌ കറുത്ത്‌ പോയേ.. "

'ചിലര്‍ കുളിച്ചിട്ടും കാര്യമൊന്നുമില്ല' എന്ന് അര്‍ത്ഥം വെച്ചുകൊണ്ടുള്ള ഭാര്യയുടെ ഒരു നോട്ടം എനിക്ക്‌ നേരെ ഉണ്ടോ എന്ന് എനിക്കൊരു സംശയം ഉണ്ടാവാതിരുന്നില്ല. 

Wednesday, February 4, 2015

സൂര്യവിചാരം


ഫ്ലാറ്റിലെ ഒരു റൂമില്‍ നിന്ന് മറ്റേ റൂമിലെത്തി നോക്കിയിട്ട്‌ ഇത്ര നാളത്തെ തന്റെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ദേവു തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

സൂര്യന്‍ എണീറ്റ്‌ പല്ല് തേച്ച്‌ പാലു കുടിച്ച്‌ കുളിച്ച്‌ റെഡിയായി വന്നതാ...

സൂര്യന്‌ കണ്ണ്‍ കാണില്ലാ... കണ്ണില്‍ ഇങ്ങനെ വെളിച്ചം അടിക്കുന്നത്‌ കണ്ടോ... സൂര്യന്‌ കണ്ണ്‍ കാണാന്‍ പറ്റില്ലാ...


(കാര്യമായി തര്‍ക്കിക്കാനൊന്നും നിക്കാതെ തല്‍ക്കാലം ഞങ്ങള്‍ അതങ്ങ്‌ സമ്മതിച്ചു)